ഭോപ്പാൽ: വേട്ടക്കാർ സ്ഥാപിച്ച സ്ഫോടക വസ്തു കടിച്ച പശു മുഖം തകർന്ന് ചത്തു. മദ്ധ്യപ്രദേശിലെ ശിവപുരിയിലായിരുന്നു സംഭവം. പശുവിന്റെ ഉടമയും മാർഗൗനി ചൗക്കി സ്വദേശിയുമായ സുമേറാ ജാദവ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിവ് പോലെ പശുവിനെ വീടിന് പുറത്തേക്ക് മേയാൻവിട്ടതായിരുന്നു സുമേറാ. എന്നാൽ വൈകീട്ട് വായ തകർന്ന നിലയിൽ ആയിരുന്നു പശു തിരിച്ച് എത്തിയത്. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ നൽകി. പരിശോധനയ്ക്കിടെ വായിൽ വെടിമരുന്നിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സ്ഫോടക വസ്തു കടിച്ചാണ് പരിക്കേറ്റതെന്ന് വ്യക്തമായത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ പശു രാത്രിയോടെ ചത്തു.
കഴിഞ്ഞ ഏതാനും നാളുകളായി വേട്ടക്കാരുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് സുമേറ പറഞ്ഞു. കാട്ടുപന്നിയെ പിടിക്കാനാണ് ഇവർ ഇത്തരത്തിൽ സ്ഫോടക വസ്തു സ്ഥാപിക്കുന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ പശുക്കൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments