തിരുവനന്തപുരം: കാര്യവട്ടം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയെ 106 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവെച്ച്, സന്ദർശകരെ ബൗളിംഗ് മികവ് കൊണ്ട് ശ്വാസം മുട്ടിച്ച ഇന്ത്യൻ പേസ് നിര, 20 ഓവറിൽ 8 വിക്കറ്റിന് 106 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്.
3 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ദീപക് ചഹാറും ഹർഷൽ പട്ടേലും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ നിയന്ത്രിച്ചു നിർത്തിയത്. സ്പിന്നർ അക്ഷർ പട്ടേലിനാണ് ഒരു വിക്കറ്റ്.
പവർ പ്ലേയിൽ കത്തിക്കയറിയ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ മുൻനിരയെ തരിപ്പണമാക്കിയപ്പോൾ, 41 റൺസെടുത്ത ബൗളർ കേശവ് മഹാരാജ് ആണ് ടോപ് സ്കോറർ ആയത്. 25 റൺസെടുത്ത ഏയ്ഡൻ മാർക്രാമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റർ.
Comments