ഗുവാഹട്ടി: കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങൾ ഓരോന്നായി അടച്ച് പൂട്ടി അസം സർക്കാർ. പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫീസുകൾ അടച്ച് പൂട്ടി സീൽ ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയും വ്യാപക പരിശോധന തുടർന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ഹട്ടിഗാവിലുള്ള ആസ്ഥാനവും കരീംഗഞ്ച്, ബക്സ എന്നിവിടങ്ങളിലെ ഓഫീസുകളുമാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം സർക്കാർ സീൽ ചെയ്തത്. വിവിധയിടങ്ങളിൽ പോലീസ് പരിശോധനയും നടത്തി. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അറസ്റ്റിലായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 25 പ്രവർത്തകരാണ് അറസ്റ്റിലായത്.
വരും ദിവസങ്ങളിലും പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും. കൂടുതൽ ഓഫീസുകൾ പോലീസ് സീൽ ചെയ്യും. ഇതിനായുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസം എഡിജിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments