അബുദാബി : യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ചില സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം ആവശ്യപ്പെട്ടു. കൂടാതെ ഷോപ്പിംഗ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു.
ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം എന്നിവിടങ്ങളിലും ചില സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം. ഇതോടൊപ്പം കൊറോണ സ്ഥിരീകരിച്ചവർ , രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മാസ്ക് ധരിക്കണം.എന്നാൽ പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായ ഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് വേണ്ട.
യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽ ധരിക്കാം. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കു പോകുന്നവർ മാസ്ക് ധരിക്കണം.അബുദാബിയിൽ ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ വാക്സീൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കും വാക്സീൻ എടുത്തവർക്കും ഇളവുള്ളവർക്കും 30 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും.ഇവിടങ്ങളിൽ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിച്ചെങ്കിൽ മാത്രമെ പ്രവേശനം ലഭിക്കു.സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
Comments