തല പുകയ്‌ക്കുന്ന ചോദ്യങ്ങൾ ആലോചിച്ച് വീണ്ടും വീണ്ടും തലപുകയ്‌ക്കുന്നത് ചിലർക്ക് ശീലമാണ്. മറ്റ് ചിലരാകട്ടെ ഇത്തരം ചോദ്യങ്ങൾക്ക് ശരവേഗത്തിൽ ഉത്തരം കണ്ടെത്തുകയും ചെയ്യും. ചോദ്യം വളരെ നിസാരമാണെന്ന് തോന്നുമെങ്കിലും ഉത്തരം കണ്ടെത്താൻ പലപ്പോഴും മണിക്കൂറുകൾ വേണ്ടി വന്നേക്കാം. ഒടുവിൽ ഉത്തരം ലഭിച്ചു കഴിഞ്ഞാലോ, എന്തിനിത്ര സമയമെടുത്തുവെന്നായിരിക്കും ചിന്ത..
ഇത്തരത്തിലുള്ള ഒരു കുഴപ്പിക്കുന്ന ചോദ്യവുമായി എത്തിയിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലരെ വട്ടം കറക്കുന്നത്. വളരെ എളുപ്പമുള്ള ഈ ചോദ്യത്തിന്റെ ഉത്തരം ഒമ്പത് സെക്കൻഡിനുള്ളിൽ കണ്ടെത്തണമെന്നതാണ് ടാസ്‌ക്.
ഈ ടാസ്‌കിനായി നൽകിയിരിക്കുന്നത് വളരെ ലളിതമായ ഒരു കാർട്ടൂൺ ചിത്രമാണ്. ഈ ചിത്രത്തിൽ ഒരു വലിയ മഞ്ഞുപാളിയുണ്ട്. അതിന് മുകളിൽ രണ്ട് പെൻഗ്വിൻ കൂട്ടവും, ഭീമനായ ഒരു ധ്രുവക്കരടിയും നിൽക്കുന്നു. ഇവർക്ക് താഴെ വെള്ളവുമൊഴുകുന്നുണ്ട്. ഈ ചിത്രത്തിലെ പിശക് എന്താണെന്ന് കണ്ടുപിടിക്കണമെന്നതാണ് ടാസ്‌ക്.
ഒമ്പത് സെക്കൻഡ് കഴിഞ്ഞിട്ടും ഈ ചിത്രത്തിന് ഉത്തരം കണ്ടെത്താൻ സാധിക്കാത്തവർക്ക് ഒരു സൂചന തരാം. സാധാരണ ഗതയിൽ ധ്രുവക്കരടിയെ എവിടെയാണ് കാണാൻ സാധിക്കുക??
ഈ സൂചനയിൽ നിന്നും ഒട്ടുമിക്കയാളുകൾക്കും ഉത്തരം ലഭിക്കും. എന്നിട്ടും ഉത്തരം കിട്ടാത്തവരുണ്ടെങ്കിൽ ഇതാ കേട്ടോളൂ..
പെൻഗ്വിനുകളും ധ്രുവക്കരടിയും ഒരേ മഞ്ഞുപാളിയിൽ നിൽക്കുന്നതാണല്ലോ ചിത്രം. ഒന്ന് ചിന്തിച്ച് നോക്കൂ.. അതെങ്ങനെ സംഭവ്യമാകും.. ? ഇത്തരമൊരു ചിത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ല. കാരണം പെൻഗ്വിനുകളും ധ്രുവക്കരടിയും ഒരേ സ്ഥലത്തുണ്ടാകില്ല. ഇരുജീവികളും ഭൂമിയുടെ വ്യത്യസ്ത ധ്രുവങ്ങളിലാണുള്ളത്. പെൻഗ്വിനുകൾ ദക്ഷിണ ധ്രുവത്തിലും ധ്രുവക്കരടികൾ ഉത്തരധ്രുവത്തിലുമാണ് ഉണ്ടാകുക. ഇതായിരുന്നു ചിത്രത്തിലെ പിശക്.
Comments