എത്ര സൗന്ദര്യമുണ്ടെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് കരുതി ആകുലപ്പെടുന്നവരെ കണ്ടിട്ടില്ലേ? ഇവർക്ക് വേണ്ടി ബ്യൂട്ടിപാർലറുകളും ചർമ്മചികിത്സാ ക്ലിനിക്കുകളും കൂണുകൾ പോലെ മുളച്ചുപൊന്തുകയാണ്.കാലം മാറിയതോടെ കോലം മാറി.പ്രകൃതിദത്ത ചികിത്സകളും പൊടിക്കൈകളും ഒക്കെ വിട്ട് അൽപ്പം കടന്ന കൈയ്യാണ് ഇപ്പോൾ സൗന്ദര്യ സംരക്ഷണത്തിന്. സുന്ദരിയാവാനും സുന്ദരനാവാനും എന്ത് കോലം കെട്ടാനും, എത്ര പണം മുടക്കാനും ഇന്ന് ആളുകൾ തയ്യാറാണ്.
സൗന്ദര്യലോകത്ത് ഇപ്പോൾ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യൽ. പേരുപോലെ തന്നെ രക്തം കൊണ്ടുള്ള ഫേഷ്യലാണിത്. സാധാരണയായി വല്ല പഴവർഗങ്ങളോ, ഗോൾഡ് സിൽവർ ഫേഷ്യലോ ആണ് പരിചിതമായിട്ടുള്ളത്. എന്നാൽ വാംപയർ ഫേഷ്യൽ ചെയ്യുന്നത് നമ്മുടെ സ്വന്തം രക്തം ഉപയോഗിച്ചാണ്. ഈ നോൺ സർജിക്കൽ സൗന്ദര്യ ചികിത്സ നടത്തുന്നത് രക്തം നേരിട്ട് മുഖത്തു പുരട്ടിയല്ലെന്നതാണ് ഇതിന്റെ സവിശേഷത.
അവരവരുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച് പ്ലാസ്മ(പിആർപി) ഉപയോഗിച്ച് മുഖചർമ്മത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ചെയ്യുന്ന ചികിത്സയാണ് വാംപയർ ഫേഷ്യൽ. മുടിവളർച്ചയ്‌ക്ക് തലയിൽ ചെയ്യുന്ന പിആർപി ചികിത്സയ്‌ക്ക് സമാനമാണ് ഇതും. പിആർപി ചെറിയ സൂചി ഉപയോഗിച്ച് മുഖത്ത് ഇൻജക്റ്റ് ചെയ്യും. വേദനിക്കാതിരിക്കാൻ ഒരു ക്രീം ഉപയോഗിച്ച് മുഖം ഇരുപത് മിനിട്ടോളം നേരത്തേക്കു തരിപ്പിച്ച ശേഷമാണ് ചികിത്സിക്കുന്നത്. ഇക്കാരണത്താൽ വേദന ഉണ്ടാവില്ല.
ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്ന ഈ ചികിത്സ ചെയ്യുന്നത് വഴി നഷ്ടപ്പെട്ട യൗവനം തിരികെ ലഭിക്കുമെന്ന് വരെ വാദിക്കുന്നവരുണ്ട്. 20 വയസുമുതൽ 40 വയസുവരെയുള്ളവർക്കാണ് ഈ ഫേഷ്യൽ കൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. കാരണം പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ മുഖത്ത് ഫാറ്റ് ലോസ് ഉണ്ടാവുന്നു. പ്ലാസ്മാ റിച്ച് പ്ലേറ്റ്‌ലറ്റ് കുത്തിവെക്കുന്നതോടെ നാച്ച്വറൽ ഫാറ്റ് വികസിക്കുന്നു.ഒരു തവണ ചെയ്ത് കഴിഞ്ഞാൽ പിന്നെ രണ്ടുവർഷത്തേക്ക് ഇതിന്റെ ഫലം നിലനിൽക്കും.















