കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര തങ്ങളുടെ സ്കോർപിയോ എൻ എസ്യുവിയുടെ ഡെലിവറി ആരംഭിച്ചത്. 2022 ജൂണിലാണ് മഹീന്ദ്ര സ്കോർപിയോ N-ന്റെ വിലകൾ കമ്പനി പ്രഖ്യാപിച്ചത്. വരുന്ന പത്ത് ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ ഏകദേശം 25,000 യൂണിറ്റുകളും വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. ഇപ്പോൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും തന്റെ പുതിയ സ്കോർപിയോ സ്വന്തമാക്കിയിരിക്കുകയാണ്. വാഹനം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു. ‘എനിക്ക് ഇത് വലിയ ദിവസം. എന്റെ സ്കോർപിയോ ലഭിച്ചു. ഇതിന് നല്ലൊരു പേര് വേണം, ശുപാർശകൾക്ക് സ്വാഗതം’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഏത് വേരിയെന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. സ്കോർപിയോ എസ്യുവിയുടെ ആദ്യ തലമുറയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. Alturas G4, TUV 300 Plus, Bolero Invader, TUV300 എന്നിവയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയ വാഹനങ്ങളുടെ പട്ടികയിൽ പെടുന്നു.
പുതിയ സ്കോർപിയോ N മോഡൽ ലൈനപ്പ് അഞ്ച് വകഭേദങ്ങളിൽ (Z2, Z4, Z6, Z8, Z8L) വരുന്നു. റേഞ്ച്-ടോപ്പിംഗ് Z8L വേരിയന്റ് മുൻഗണനയിൽ വിതരണം ചെയ്യും. ആദ്യം ബുക്കുചെയ്ത 25,000 യൂണിറ്റിലെ Z8 വേരിയന്റിന്റെ വിതരണം നവംബർ മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. പ്രാരംഭ വിലയിൽ ബുക്കുചെയ്ത ആദ്യ 25,000 ഉപയോക്താക്കൾക്കും മുൻഗണന നൽകുന്നുണ്ട്. പെട്രോൾ-ഡീസൽ എൻജിനുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളിൽ എത്തുന്ന സ്കോർപിയോ N മോഡലിന് ജനപ്രീതി ഏറുകയാണ്.
സ്കോർപിയോ N-ന്റെ പെട്രോൾ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസൽ എൻജിൻ മോഡലുകൾക്ക് 12.49 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തിൽ ഫസ്റ്റ് കം ഫസ്റ്റ് സെർവ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണം. മഹീന്ദ്ര ഥാർ, എസ്യുവി700 എന്നിവയിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുമാണ് പുതിയ സ്കോർപിയോ എന്നിനും കരുത്ത് പകരുന്നത്. പെട്രോൾ എൻജിൻ 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എൻജിന് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എൻ.എം. ടോർക്കുമുള്ള വകഭേദങ്ങളുണ്ട്.
Comments