ജയ്പൂർ: രാജസ്ഥാനിൽ വൃദ്ധയുടെ കാൽപാദം മുറിച്ച് മോഷ്ടാക്കളുടെ ക്രൂരത. കാലിലെ സ്വർണ പാദസരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. അതിഗുരുതരമായി പരിക്കേറ്റ 100 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാക്കൾക്കായി പോലീസ് തിരച്ചിലിലാണ്. ജയ്പൂരിന് സമീപം ഗാൾട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്.
ഞായറാഴ്ച രാവിലെയായിരുന്നു വയോധികയെ വീടിന് സമീപം കാൽ അറുത്ത് മാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.
നിലവിൽ വയോധിക അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എപ്രകാരമാണ് ഇവർ മോഷ്ടാക്കളുടെ ആക്രമണത്തിന് വിധേയയായതെന്ന് വ്യക്തമല്ല. ക്രൂരകൃത്യത്തിനായി ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈകാതെ തന്നെ മോഷ്ടാക്കൾ പിടിയാലാകുമെന്നാണ് ഗാൾട്ട പോലീസ് പറയുന്നത്.
















Comments