പാലക്കാട്: വിക്ടോറിയ കോളജിൽ നടന്ന കെ.എസ്.യു ജില്ലാ പഠന ക്യാമ്പിന് ശേഷം ക്യാമ്പസിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്ത്. പിന്നാലെ ആരോപണം തള്ളി കെഎസ്.യു രംഗത്തെത്തി. ഇവ ക്യാമ്പസിൽ തള്ളിയതിന് പിന്നിൽ എസ്എഫ്‌ഐ ആണെന്നാണ് കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നത്.മാലിന്യപ്രശ്‌നത്തിൽ പരസ്പരം പഴിചാരുകയാണ് വിദ്യാർത്ഥി സംഘടനകൾ.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് കോളേജിൽ കെഎസ്.യുവിന്റെ നേതൃത്വത്തിൽ പഠന ക്യാമ്പ് നടന്നത്. ഇതിന് ശേഷമാണ് മദ്യക്കുപ്പികളും മാലിന്യവും കുമിഞ്ഞു കൂടിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.കോളജിലെ മലയാളം ഡിപ്പാർട്ട്‌മെൻറിനോട് ചേർന്നാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.
തുടർന്ന് ശുചീകരണ പ്രവർത്തകരെത്തി ക്യാമ്പസ് വൃത്തിയാക്കുകയായിരുന്നു. ക്യാമ്പ് കഴിഞ്ഞ് പോയപ്പോൾ പരിസരത്തെ മാലിന്യമെല്ലാം നീക്കിയെന്നും ക്യാമ്പസ് വൃത്തിയാക്കിയെന്നുമാണ് കെ എസ് യു നൽകുന്ന വിശദീകരണം. എന്നാൽ മാലിന്യങ്ങളുടെ ചിത്രങ്ങൾ സഹിതം എസ് എഫ് ഐ പ്രവർത്തകർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് പഠന ക്യാമ്പോ അതോ കള്ള് സേവയോ എന്നാണ് എസ് എഫ് ഐ ചോദിക്കുന്നത്.സംഭവത്തിൽ ഇരുകൂട്ടരും കോളേജ് അധികൃതർക്ക് പരാതി നൽകി.
Comments