ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ടെലികോം മന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയ്ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. രാജയുടെ അനുയായിയായ സി കൃഷ്ണമൂർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ രൂപീകരിച്ച് 4.56 കോടി രൂപ സ്വീകരിച്ചതായി സിബിഐ ചെന്നൈ പ്രത്യേക കോടതിയിൽ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചത്. കാഞ്ചീപുരത്ത് ഭൂമി വാങ്ങാൻ എന്ന പേരിലാണ് പണം വാങ്ങിയത്.
ഏഴ് വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനി മറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും അവരകാശപ്പെട്ടിരുന്നു. എന്നാൽ കോയമ്പത്തൂരിൽ കമ്പനി ഭൂമി വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എംപിയുടെ അടുത്ത ബന്ധുക്കൾ വഴി 4.56 കോടി രൂപ ഉൾപ്പെടെ 5.53 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കണ്ടെത്തിയ കണക്കുകൾ കൃത്യമായ കണക്കുകൾ അല്ലെന്നും കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും സിബിഐ വ്യക്തമാക്കി. രാജയുടെ വരുമാന സ്രോതസ്സുകളുടെ 579 ശതമാനത്തിനും ആനുപാതികമല്ലാത്ത സ്വത്ത് ഉണ്ടെന്നും സിബിഐ ആരോപിച്ചു.
2015 ഓഗസ്റ്റിലാണ് മുൻ മന്ത്രിയ്ക്കും മറ്റ് 16 പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്നാണ് കേസെടുത്തത്. രാജയുടെ അനന്തരവൻ പരമേശ്, ഭാര്യ പരമേശ്വരി, അനുയായിയും കാവൈ ഷെൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കൂടിയായ കൃഷ്ണമൂർത്തി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
Comments