അബുദാബി : റഷ്യ-യുക്രെയ്ൻ യുദ്ധം അനുരഞ്ജനത്തിലൂടെ അവസാനിപ്പിക്കണമെന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാൻ .റഷ്യയിൽ സന്ദർശനം നടത്തുന്ന യുഎഇ പ്രസിഡന്റ് പുടിനുമായി നടത്തിയ ചർച്ചയിലാണ് ഈ ആവിശ്യം അദ്ദേഹം ഉന്നയിച്ചത്. ലോക സമാധാനത്തിനും സുരക്ഷയ്ക്കും റഷ്യയും യുക്രെയ്നും രാഷ്ട്രീയ ഒത്തുതീർപ്പിലെത്തണം എന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടിയാലോചന നടത്തേണ്ടതിന്റെയും നയതന്ത്ര പരിഹാരം കാണേണ്ടതിന്റെയും ആവശ്യകത ശൈഖ് മുഹമ്മദ് ചൂണ്ടിക്കാണിച്ചു.പ്രാദേശിക, അന്തർദേശീയ മേഖലകളിൽ യു.എ.ഇയുടെ നയം സമാധാനത്തിന്റേതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ഇടപെടൽ നടത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2019ൽ പുടിൻ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ൽ ധാരണ രൂപപ്പെടുകയും ചെയ്തു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളുമാണ് ലോകം ഉറ്റുനോക്കുന്നത്.
Comments