എപ്പോഴും സന്തോഷിക്കാൻ ഇഷ്ടമില്ലാത്തതായി ആരുമില്ലല്ലോ. അതെ ചിരി ആരോഗ്യത്തിന് നല്ലതാണ്. ചിരിയേക്കാൾ വലിയ മരുന്നില്ലെന്നാണ് പറയാറ്. ചിരി ആയുസ് വർദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ചിരി നൽകുന്നുണ്ട്.
ചിരി മികച്ച മരുന്ന് ആയിരിക്കണമെന്നില്ല, എന്നാൽ നിരവധി ഗുണങ്ങളാണ് നമ്മൾ അറിയാതെ തന്നെ നമുക്ക് തരുന്നത്. ചിരിക്കുമ്പോൾ ശാരീരികാരോഗ്യവും മാനസികാരോഗ്യവും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എൻഡോർഫിൻ എന്ന ഹോർമോണാണ് ചിരിക്കുമ്പോൾ ഉണ്ടാകുന്നത്. ശരീരത്തിനുണ്ടാകുന്ന വേദനയെയും മനസിനുണ്ടാകുന്ന വേദനയെയും ഒഴിവാക്കാൻ ഇത് സഹായിക്കും. ചിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും. ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കിയാണ് എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എൻഡോർഫിനുകൾ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികൾ എന്നാണു പറയാറുള്ളത്.
ചിരി വൈറസുകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ആരോഗ്യകരമായ ചിരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും കൂടുതൽ ആന്റി ബോഡി നിർമ്മിക്കുകയും ചെയ്യുന്നു. ചിരിക്കുമ്പോൾ ഓക്‌സിജന്റെ അളവ് വർദ്ധിക്കുന്നതിനാൽ ഹൃദയമിടിപ്പ് കൂട്ടി ധമനികളുടെ ഭിത്തിയുടെ കഠിന്യം കുറയ്‌ക്കുന്നു. അതുവഴി ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ചിരിക്കുമ്പോൾ തലച്ചോറിൽ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
മാനസികാവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ചിരിയ്‌ക്കാകും. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാനും ചിരി സഹായകമാകും. മാനസിക സമ്മർദ്ദം കുറയ്‌ക്കാനും ശരിയായ രീതിയിൽ രക്തചംക്രമണം നടത്താനും ചിരി സഹായിക്കും. സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. സ്‌ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ഇത് ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങൾ ശരീരത്തിന് നൽകുന്നു. കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് ശരീരത്തിന് സമ്മർദ്ദം അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ചിരി. ചിരിക്കുമ്പോൾ ഓക്‌സിജൻ ഉപഭോഗം വർദ്ധിപ്പിക്കുകയും അത് വഴി കോർട്ടിസോളിന്റെ അളവ് കുറച്ച് സമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യും.
Comments