ഭാഷയുടെ അതിർത്തികൾ കടന്ന് വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ് ജിത്തു ജോസഫിന്റെ ദൃശ്യം, ദൃശ്യം 2 എന്നിവ. ദൃശ്യത്തിന്റെ റീമേക്ക് പല ഭാഷകളിലും ഇറങ്ങിയിരുന്നു. എല്ലാ ഭാഷകളിലും വിജയം നേടുകയും ചെയ്തു. കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട റീമേക്കാണ് ഹിന്ദിയിലേത്. ഇപ്പോൾ ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്ക് ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് മലയാളത്തിൽ മോഹൻലാൽ ചെയ്ത നായക കഥാപാത്രമായി എത്തുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അതിനാൽ തന്നെ അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന എന്നി താരങ്ങൾ മുഖാമുഖം വരുമ്പോഴുള്ള പ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം.
മലയാളത്തിലെ ദൃശ്യം 2-വിൽ നിന്നും ക്ലൈമാക്സ് രംഗങ്ങൾക്ക് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തു വന്ന ട്രെയിലർ. ‘ഒരുപാടു മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. കാണുമ്പോൾ ഒരു പുതിയ സിനിമയാണെന്ന് നിങ്ങൾക്ക് തോന്നും. ദൃശ്യം രണ്ടിന്റെ കഥ പൂർത്തിയാക്കാൻ ഏകദേശം 7 മാസത്തോളം വേണ്ടി വന്നു. ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് ‘- എന്ന് അജയ് ദേവ്ഗൺ ട്രെയിലർ ലോഞ്ചിൽ വ്യക്തമാക്കിയിരുന്നു.
വിജയ് സാൽഗോൻകർ എന്നാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്. മലയാളത്തിൽ ആശ ശരത് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തബു ആണ്. ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കെ.ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. പ്രേഷകർ ഏറെ പ്രതീക്ഷ വെയ്ക്കുന്ന ചിത്രം നവംബർ 18-ന് തിയറ്ററുകളിലെത്തും.
Comments