ഗീലോംഗ്: ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടിയ ഇന്ത്യൻ വംശജൻ കാർത്തിക് മെയ്യപ്പന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച സൈമണ്ട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെയ്യപ്പന്റെ ഹാട്രിക്. തമിഴ്നാട്ടിലാണ് മെയ്യപ്പൻ ജനിച്ചത്.
ഗ്രൂപ്പ് ‘എ‘യിലെ മത്സരത്തിന്റെ പതിനഞ്ചാം ഓവറിലായിരുന്നു മെയ്യപ്പന്റെ ഹാട്രിക്. ഓവറിൽ മെയ്യപ്പൻ എറിഞ്ഞ നാലാം പന്ത് ലങ്കൻ ബാറ്റർ ഭാനുക രജപക്സ ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ ഉയർത്തി അടിച്ചു. പന്ത് യുഎഇ ഫീൽഡർ കൈപ്പിടിയിൽ ഒതുക്കി. അടുത്ത പന്ത് ഗൂഗ്ലി ആയിരുന്നു. ശ്രീലങ്കൻ ബാറ്റർ അസലാങ്കയെ തീർത്തും കബളിപ്പിച്ച ആ പന്ത് ഔട്ട്സൈഡ് എഡ്ജ് ആവുകയും വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തുകയും ചെയ്തു. അടുത്ത പന്ത്, ഫോർവേർഡ് ഡിഫൻസിന് ശ്രമിച്ച ശ്രീലങ്കൻ ക്യാപ്ടൻ ദാസുൻ ശനകയുടെ പ്രതിരോധം ഭേദിച്ച് വിക്കറ്റ് തെറിപ്പിച്ചതോടെ, ഹാട്രിക് പൂർത്തിയാക്കിയ മെയ്യപ്പൻ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. മെയ്യപ്പൻ ഹാട്രിക് നേടിയെങ്കിലും, മത്സരത്തിൽ യുഎഇ ശ്രീലങ്കയോട് തോറ്റു.
കാർത്തിക് മെയ്യപ്പന്റെ ഹാട്രികിന് സമാനമായിരുന്നു യുഎഇക്ക് വേണ്ടി മലയാളി താരം റിസ്വാൻ നേടിയ സെഞ്ച്വറി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒരു മലയാളിയുടെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 2021 ജനുവരി 8ന്, അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ, അബുദാബിയിൽ വെച്ചായിരുന്നു കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ യുഎഇക്ക് വേണ്ടി സെഞ്ച്വറി നേടിയത്. ഫസ്റ്റ് ഡൗണായി ഇറങ്ങിയ റിസ്വാൻ 136 പന്തുകളിൽ ഒൻപത് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 109 റൺസാണ് എന്ന് നേടിയത്. റിസ്വാന്റെ സെഞ്ച്വറിയുടെ മികവിൽ യുഎഇ അന്ന് അയർലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സി പി റിസ്വാനാണ് നിലവിൽ ട്വന്റി 20 ലോകകപ്പിൽ യു എ ഇയെ നയിക്കുന്നത്.
Comments