ദിസ്പൂർ : പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ച 13 വിദേശയിനം കുരുങ്ങുകളെ വനം വകുപ്പ് അധികൃതർ രക്ഷപെടുത്തി. അസം മിസോറാം അതിർത്തിയിലെ കച്ചാർ ജില്ലയിലാണ് ഇവയെ കണ്ടെത്തിയത്. പ്രദേശത്തെ തേയില തോട്ടത്തിൽ മൂന്ന് പെട്ടികളിൽ അടച്ച നിലയിലായിരുന്നു കുരങ്ങുകൾ.
അപൂർവ്വ ഇനമായ സ്പോട്ട് നോസ്ഡ് ഗ്വെനോൺ ഡെബ്രാസയുടെ കുരങ്ങ് ഇനമായ മൂർ മക്കാക്കിനെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കള്ളക്കടത്ത് സംഘങ്ങൾ അതിർത്തികളിലൂടെ കടത്താൻ ശ്രമിച്ചവയാവാം ഈ കുരങ്ങുകളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
7 മൂർ മക്കാക്ക്, അഞ്ച് ലെസ്സർ സ്പോട്ട് നോസ്ഡ് ഗ്വെനോൺ, ഒരു ഡെബ്രാസ കുരങ്ങൻ എന്നവയെയാണ് കണ്ടെത്തിയിരിക്കുന്നത്. സമീപവാസികളാണ് കുരങ്ങുകളെ ആദ്യം കണ്ടത്. പിന്നാലെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ തേയില തോട്ടത്തിൽ എത്തുകയും വിവരം സ്ഥിരീകരിക്കുകയുമായിരുന്നു.
13 ഇനം കുരങ്ങുകളെയും ഗുവാഹത്തിയിലെ മൃഗശാലയിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സമാന സംഭവം മുൻപും ഉണ്ടായിരുന്നു. ഒക്ടോബർ 15 ന് മിസോറമിലെ ചമ്പായി ജില്ലയിൽ മൂന്ന് വാഹനങ്ങളിൽ നിന്ന് 140 വിദേശ മൃഗങ്ങളെയും പക്ഷികളെയും ഉദ്യോഗസ്ഥർ കണ്ടെത്തി. മിസോറാം പോലീസും ചമ്പൈ എക്സൈസ് ആൻഡ് നാർക്കോട്ടിക് വകുപ്പും ചേർന്നാണ് ഇവയെ കണ്ടെത്തിയത്.
Comments