തുടർച്ചയായി അഞ്ചാം തവണയും പാക് ഭീകരർക്ക് സംരക്ഷണം; ലഷ്‌കർ-ഇ-ത്വയ്ബ തലവന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന – China Again Blocks India, US’ Move At UN

Published by
Janam Web Desk

ന്യൂയോർക്ക്: പാകിസ്താന്റെ ഭീകരതയെ വീണ്ടും പിന്തുണച്ച് ചൈന. ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനാണ് ഇത്തവണ ചൈന വിലങ്ങുതടിയായത്. ഈ വർഷം അഞ്ചാം തവണയാണ് ചൈനയുടെ തടയൽ. ഇന്ത്യയും യുഎസും ഐക്യരാഷ്‌ട്രസഭയിൽ അവതരിപ്പിച്ച നിർദേശമാണ് ചൈന തടഞ്ഞത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നിർദേശം ഇന്ത്യയാണ് യുഎന്നിൽ അവതരിപ്പിക്കാനൊരുങ്ങിയത്. പിന്നാലെ പിന്തുണയുമായി അമേരിക്കയും എത്തുകയായിരുന്നു. യുഎന്നിന്റെ അനുമതി വ്യവസ്ഥകൾക്ക് കീഴിലാണ് നിർദേശം നൽകിയത്.

1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമായി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും ഫണ്ട് ശേഖരണം നടത്തിയതായും ഭീകാരക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് തൽഹ സായീദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചതും ആഗോള ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി നിർദേശം മുന്നോട്ട് വെച്ചത്.

അഞ്ചാം തവണയാണ് ഇന്ത്യ-യുഎസ് നിർദ്ദേശം ചൈന തടയുന്നത്.കഴിഞ്ഞയാഴ്ചയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഷാഹിദ് മഹമൂദ്, കഴിഞ്ഞ മാസം സാജിദ് മിർ, ജൂണിൽ ലഷ്‌കർ-ഇ-ത്വയ്ബ നേതാവ് അബ്ദുൾ റഹ്മാൻ മക്കി, ഓഗസ്റ്റിൽ ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഹർ എന്നിവരെയാണ് ചൈന ഇതുവരെ സംരക്ഷിച്ചത്.

Share
Leave a Comment