ഭോപ്പാൽ : കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്ത് വിഷം കഴിച്ച മൂന്ന് പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കാമുകൻ ഒഴിവാക്കിയതിന് മനംനൊന്താണ് 16 കാരിയായ പെൺകുട്ടി വിഷം കഴിച്ചത്. ഉറ്റ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളോടൊപ്പമായിരുന്നു സാഹസം.
സെഹോർ ജില്ലയിലെ ആഷ്ത ടൗണിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളാണ് വിഷം കഴിച്ചത്. ഇൻഡോറിലുള്ള യുവാവുമായി 16 കാരി പ്രണയത്തിലായിരുന്നു. അയാളെ കാണാൻ 120 കിലോമീറ്റർ ബസിൽ സഞ്ചരിച്ച് ഇവർ ഇൻഡോറിൽ എത്തിയിരുന്നു. ക്ലാസ് കട്ട് ചെയ്താണ് മൂവരും ഇറങ്ങിത്തിരിച്ചത്. എന്നാൽ കുറച്ച് കാലമായി ഇയാൾ പെൺകുട്ടിമായി അകലം പാലിക്കുന്ന യുവാവ് ഇവരെ കാണാൻ വന്നില്ല.
കാമുകൻ കാണാൻ വന്നില്ലെങ്കിൽ അവിടെ വെച്ച് തന്നെ വിഷം കഴിക്കാനാണ് ഇവർ തീരുമാനിച്ചിരുന്നത്. അതിനായി വിഷം നേരത്തെ വാങ്ങി കൈയ്യിൽ കരുതി. ഇൻഡോറിലെ പാർക്കിൽ കാമുകന് വേണ്ടി ഏറെ നേരം കാത്തിരുന്നെങ്കിലും അയാൾ വന്നില്ല. ഇതോടെ മൂന്ന് പേരും വിഷം കഴിക്കുകയായിരുന്നു.
കണ്ടുനിന്നവരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ രണ്ട് പേർ മരിച്ചു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയാണ് വിവരങ്ങൾ പോലീസിനോട് പറഞ്ഞത്. പെൺകുട്ടികളിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments