നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ സൗഹൃത്തിന്റെ കഥ പറയുന്ന ഒരു ഫീൽഗുഡ് ചിത്രമായിരിക്കും. നിവിൻ പോളിയുടെ ഒരു തമാശ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്നതാണ് ‘സാറ്റർഡേ നൈറ്റ്’. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ഉറപ്പിക്കാൻ കഴിയുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിവിൻ പോളിയുടെ ഇതുവരെ കാണാത്ത വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രമായിരിക്കും സാറ്റർഡേ നൈറ്റിലേത്. ‘കായംകുളം കൊച്ചുണ്ണി’യുടെ വലിയ വിജയത്തിന് ശേഷം നിവിൻ പോളി- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
നവീൻ ഭാസ്കർ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ദുബായ്, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. അസ്ലം കെ പുരയിൽ ആണ് ഛായാഗ്രഹണം. സംഗീതം നൽകുന്നത് ജേക്സ് ബിജോയ് ആണ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
Comments