ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ ‘നീയാരാണ് മമ്മൂട്ടിയോ’ എന്നാണ് നമ്മളോട് പലരും ചോദിക്കുക. വർഷങ്ങൾ ഇത്ര ആയിട്ടും ആ ചോദ്യത്തിന് മാറ്റമൊന്നും വന്നിട്ടില്ല. ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നവർക്ക് മമ്മൂട്ടി ഒരു മാതൃകയുമാണ്. പ്രായം കൂടുംതോറും തന്റെ സൗന്ദര്യവും ശരീരവും സംരക്ഷിക്കാൻ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കുന്നു. പ്രായം എന്നത് വെറും നമ്പർ മാത്രമാണെന്ന് മലയാളികളെ ബോദ്ധ്യപ്പെടുത്തുകയാണ് അദ്ദേഹം. അന്നും ഇന്നും മമ്മൂട്ടിക്ക് മാത്രം മാറ്റമില്ല എന്ന് മലയാളികൾ പുകഴ്‌ത്തുന്നത് വെറുതെയല്ല. കൂടെ അഭിനയിച്ചവരും സമപ്രായക്കാരും ഒരുപാട് മാറി പോയപ്പോഴും കാലത്തിനനുസരിച്ച് സ്വയം പരിഷ്‌കരിച്ച് തന്റെ സൗന്ദര്യം നിലനിർത്തുകയാണ് മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും മാറ്റമില്ലാതെ തുടരുന്ന മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ശരത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് വൈറലാകുന്നത്.
27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ചു കൊണ്ടാണ് ശരത് താരത്തിനൊപ്പമുള്ള ചിത്രം വെളിപ്പെടുത്തിയിരിക്കുന്നത്. ’27 വർഷങ്ങൾക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതിൽ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിനും അപ്പുറമാണ്. എനിക്ക് വേണ്ടി മാറ്റിവെച്ച സമയത്തിനും നൽകിയ സ്നേഹത്തിനും നന്ദി മമ്മൂക്ക’ എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
1995-ൽ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. പ്രിയാ രാമൻ ആയിരുന്നു മമ്മൂട്ടിയുടെ നായിക. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബാലതാരങ്ങളായി എത്തിയത്. ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.















