തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പോലീസിന് കൈമാറിയേക്കും. കേസ് തമിഴ്നാട് പോലീസിന് കൈമാറണം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പ്രതി ഗ്രീഷ്മയുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഇതേ തുടർന്നാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.
റൂറൽ എസ്പിയാണ് നിയമോപദേശം തേടിയത്. സംഭവത്തിന്റെ ആസൂത്രണം, നടപ്പിലാക്കൽ, വിഷം വാങ്ങിയത്, തൊണ്ടിമുതൽ ഉപേക്ഷിച്ചത് എന്നീ കാര്യങ്ങൾ സംഭവിച്ചത് തമിഴ്നാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ ഭാവിയിൽ കേസിലെ പ്രതികൾ കേരള പോലീസിന്റെ അന്വേഷണ പരിധിയെ ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ തമിഴ്നാട് പോലീസിന് കൈമാറുകയാണ് അഭികാമ്യം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
നിലവിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് പോകുകയാണ്. ഇതിനിടെയാണ് തമിഴ്നാട് പോലീസിന് കൈമാറാനുള്ള നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതേസമയം കേസ് അന്വേഷണം അട്ടിമറിയ്ക്കാനുള്ള നീക്കമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
Comments