തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് ബോധ്യമുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം.അല്ലെങ്കിൽ അത് അന്വേഷിക്കാൻ എങ്കിലും പറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ ആക്ഷേപിക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വില വർദ്ധനവ് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. വിലക്കയറ്റത്തിനിടെ വില കുറഞ്ഞത് പിണറായി വിജയന് മാത്രമെന്ന് സുധാകരൻ പരിഹസിച്ചു.സർക്കാരിനെതിരെ കോൺഗ്രസ് സമരമുഖത്ത് വരും. ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായിലെ വിജയൻ ഒരു പ്രശ്നം അല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. മകൾക്കും കുടുംബത്തിനും വേണ്ടി പിണറായി വിജയൻ ഭരണം മാറ്റി വെച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ല.ക്രമസമാധാന നില തകർന്നു. ക്രിമിനലുകളുടെ സങ്കേതമാണ് പോലീസ് സേനയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments