വളരെയധികം ജാഗ്രതയോടെ ആഹാരം കഴിക്കേണ്ടവരാണ് പ്രമേഹരോഗികൾ. കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം, ഭക്ഷണത്തിന്റെ അളവ് എന്നിവയെല്ലാം പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികൾ സമയം തെറ്റിയാണ് കഴിക്കുന്നതെങ്കിൽ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ മിതമായ ഭക്ഷണം കഴിക്കാനാണ് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടത്.
ഭക്ഷണക്രമത്തിൽ അത്യധികം ജാഗ്രത പുലർത്തണം എന്നുള്ളതുകൊണ്ട് തന്നെ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത പല ആഹാര സാധനങ്ങളുമുണ്ട്. ലഡു, ജിലേബി, പായസം തുടങ്ങിയ ആഹാര സാധനങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇനി പഴവർഗങ്ങളെ മാത്രമെടുത്ത് നോക്കിയാൽ ചില പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണെങ്കിൽ മറ്റ് ചില പഴങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരക്കാർ കഴിക്കാവൂ.. ഏതൊക്കെ പഴങ്ങളാണ് പ്രമേഹരോഗികൾ നിയന്ത്രിക്കേണ്ടത് എന്ന് നോക്കാം..
ഏത് പഴമായാലും ജ്യൂസ് അടിച്ച് കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ജ്യൂസ് ആക്കി കഴിക്കുമ്പോൾ പഴത്തിന് അകത്തെ ഫൈബറിന്റെ ഗുണം കുറയുകയും ഷുഗർ ലെവൽ വർധിക്കുകയും ചെയ്യുന്നു. അതിനാൽ പഴങ്ങൾ ചവച്ചരച്ച് കഴിക്കുന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്.
പഴുത്ത മാമ്പഴവും പഴുത്ത ചക്കയും കഴിക്കരുത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പഴുത്ത മാങ്ങ കഴിച്ചാൽ ഇത്തരക്കാരിൽ ഷുഗർ ലെവൽ പെട്ടെന്ന് വർധിക്കും. അതേസമയം പഴുപ്പ് വളരെയധികം കുറഞ്ഞ മാങ്ങയും ചക്കയും കഴിക്കാവുന്നതാണ്. അതുപോലെ പച്ചചക്ക കറിവെച്ചും വേവിച്ചും മെഴുക്കുപുരട്ടിയായും കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല.
വാഴപ്പഴം പരമാവധി ഒഴിവാക്കുക. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണമായി നേന്ത്രപ്പഴം കഴിക്കുന്നത് പ്രശ്നമില്ലെങ്കിലും പതിവായി ഒന്നിലധികം പഴം (ചെറുപഴം, നേന്ത്രപ്പഴം) കഴിക്കുന്നത് പ്രമേഹത്തിന്റെ അളവ് വർധിപ്പിക്കും. അതുപോലെ നേന്ത്രപ്പഴം കഴിക്കുമ്പോൾ പഴുപ്പ് കുറഞ്ഞത് നോക്കി കഴിക്കാൻ ശ്രമിക്കുക.
ഒരിക്കലും ഭക്ഷണം കഴിച്ചതിന് പിന്നാലെ പ്രമേഹരോഗികൾ തണ്ണിമത്തൻ കഴിക്കരുത്. ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് അതിവേഗം വർധിക്കാനിടയാകും. അധികം മധുരവും പഴുപ്പുമില്ലാത്ത തണ്ണിമത്തൻ ഭക്ഷണത്തിന് മുമ്പായി കഴിക്കാവുന്നതാണ്. അതേസമയം ആപ്പിൾ, പപ്പായ, ഗുവ, ചെറി, മാതളനാരങ്ങ എന്നിവയെല്ലാം മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്.
Comments