ശ്രീനഗർ : ഹിമാലയൻ മേഖലയിലെ ശൈത്യകാലം ശക്തമാകുന്നു. ജമ്മുകശ്മീർ മലനിര കളിൽ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടെന്നാണ് റിപ്പോർട്ട്. രജൗറി മേഖലയിലെ മുഗൾ റോഡ്- പീർ പാഞ്ചാൾ ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായാണ് വിവരം. സൈന്യം റോഡ് അടച്ചിരിക്കുകയാണ്.
രജൗറി മേഖലയിലെ മുഗൾ റോഡ്- പീർ പാഞ്ചാൾ ദേശീയ പാതയിൽ രണ്ടടിയോളം ഉയരത്തിലാണ് മഞ്ഞ് വീണ് നിറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഞ്ഞ് ഉറഞ്ഞതോടെ കാൽനടപോലും ദുഷ്ക്കരമായിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. ദേശീയപാതയിൽ ഉപ്പ് വിതറിയും ബുൾഡോസർ ഉപയോഗിച്ചും മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവൃത്തി ആരംഭിച്ചതായി സൈന്യം അറിയിച്ചു.
ഇന്ന് മഞ്ഞ് വീഴ്ചയ്ക്കൊപ്പം മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. താപനില പൂജ്യത്തിനും താഴേയ്ക്ക് രാത്രിയിൽ പോകാനുള്ള സാദ്ധ്യതയും മുന്നറിയിപ്പായി നൽകുന്നുണ്ട്.അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കണക്കിലെടുത്ത് സൈന്യത്തെ സജ്ജരാക്കിയിട്ടുണ്ട്.
Comments