ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയായ ‘ഗന്ധദ ഗുഡി’ തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ‘അപ്പു’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരത്തിന്റെ സ്വപ്ന സിനിമയായിരുന്നു ഗന്ധദ ഗുഡി. ചിത്രം ഒക്ടോബർ 28-നാണ് തിയറ്ററുകളിലെത്തിയത്. ശക്തമായ സന്ദേശം നൽകുന്ന ചിത്രം കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ആദരവ് കൂടിയാണ്. മികച്ച പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയം തീർക്കുമ്പോൾ സിനിമാ പ്രേമികൾക്കും പുനീത് ആരാധകർക്കും ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യയും ചിത്രത്തിന്റെ നിർമ്മാതാവുമായ അശ്വിനി പുനീത് രാജ്കുമാർ. സിനിമാ ടിക്കറ്റ് നിരക്ക് വൻതോതിൽ കുറച്ചിരിക്കുകയാണ് നിർമ്മാതാവ്.
ട്വിറ്ററിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച വിവരം അശ്വിനി പുനീത് രാജ്കുമാർ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഗന്ധദ ഗുഡി എന്ന സിനിമ 7-11-2022 തിങ്കളാഴ്ച മുതൽ 10-11-2022 വ്യാഴാഴ്ച വരെ സിംഗിൾ സ്ക്രീൻ തിയറ്ററുകളിൽ വെറും 56 രൂപയ്ക്കും മൾട്ടിപ്ലക്സുകളിൽ 112 രൂപയ്ക്കും പ്രദർശിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് ടിറ്ററിൽ അശ്വിനി കുറിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസ് അടക്കമുള്ള പ്രധാന നിർമ്മാണ കമ്പനികൾ ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തു വന്നു.
നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗന്ധദ ഗുഡിക്ക് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ അന്തരിച്ചത്. നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. കർണാടകയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്നയും പുനീതിന് നൽകി സംസ്ഥാനം ആദരിച്ചിരുന്നു.
Comments