കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസിനെ ഇടിപ്പിച്ചാണ് പരാക്രമം നടത്തിയത്. കുണ്ടറയിലാണ് സംഭവം. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നത്തിനിടയാക്കിയത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മുന്നിൽ പോയ ബസ് പിന്നോട്ട് എടുത്ത് ഒരു ബസിൽ ഇടിപ്പിക്കുകയായിരുന്നു. യാത്രക്കാർ ഉളള ബസിലേക്കാണ് ബസിടിച്ച് കയറ്റിയത്. തിരിച്ച് ഇടിക്കാനും ജീവനക്കാർ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഇരു ബസുകളിലെയും രണ്ട് ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുളള നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments