മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറും അവിയലുമോ?. ഇതേക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല. കാരണം ഇരു വിഭവങ്ങളിലെയും പ്രധാനിയാണ് മുരിങ്ങക്കായ. ആരോഗ്യത്തിന് ഏറെ മികച്ചതും രുചികരവുമാണ് ഈ പച്ചക്കറി. എന്നാൽ ഒരു വിഭാഗം ഭക്ഷണത്തിൽ നിന്നും മുരിങ്ങക്കായയെ ഒഴിവാക്കാറുമുണ്ട്. രോഗപ്രതിരോധ ശേഷിയുൾപ്പെടെ വർദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്.
വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉൾപ്പെടെ തടയാൻ സഹായിക്കുന്നു. ദഹനത്തിനും മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ഗുണം ചെയ്യും. നിയാസിൻ, റൈബോഫ്‌ളേവിൻ, വിറ്റാമിൻ ബി 12 എന്നിവ മുരിങ്ങക്കായയിൽ അടങ്ങിയിട്ടുണ്ട്. ഇതാണ് ദഹന പ്രക്രിയയെ മികച്ചതാക്കുന്നത്.
ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാൻ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കാൻ മുരിങ്ങക്കായയ്‌ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
രക്തം ശുദ്ധീകരിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്ക് ഘടകങ്ങൾ രക്തത്തിലെ ഓക്‌സിജന്റെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു.
നിത്യേന മുരിങ്ങക്കായ കഴിക്കുന്നവർക്ക് മികച്ച രോഗപ്രതിരോധ ശേഷിയാകും ഉണ്ടാകുക. വിറ്റാമിൻ സിയുടെ കലവറയാണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങൾ മൂലമുണ്ടാകുന്ന അണുബാധകൾ എന്നിവയെ പ്രതിരോധിക്കാൻ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.















