ഇസ്തിരിയിട്ട് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഭൂരിഭാഗവും. ഇസ്തിരിയിട്ട വസ്ത്രങ്ങൾ നമുക്ക് സൗന്ദര്യം മത്രമല്ല ആത്മവിശ്വാസവും പ്രധാനം ചെയ്യുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുക എന്നത് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ഒന്നു പിഴച്ചാൽ വസ്ത്രം കത്തിപ്പോകും എന്നത് മാത്രമല്ല നമുക്ക് തന്നെ അപകടം സംഭവിക്കാനും ഇടയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത വൈദ്യുതി നഷ്ടവും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതെല്ലാം ഒഴിവാക്കാനാകും.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ വൈദ്യുതി ഏറ്റവും കൂടുതൽ വേണ്ടിവരുന്ന ഒന്നാണ് ഇസ്തിരിപ്പെട്ടി. അതിനാൽ വസ്ത്രങ്ങൾ ഓരോ ദിവസം തേയ്‌ക്കാതെ ഒന്നിച്ച് തേച്ച് വയ്‌ക്കാം. ഇത് വൈദ്യുതി പാഴാകുന്നത് ഇല്ലാതെയാക്കും.
എക്‌സ്റ്റെൻഷൻ കോർഡ് ഉപയോഗിക്കുന്നതിലും കരുതൽ വേണം. പെട്ടെന്ന് ചൂടാകുന്ന എക്‌സ്റ്റെൻഷൻ കോർഡുകൾ ഉപയോഗിക്കാൻ പാടില്ല. ഇത് തീപ്പിടിത്തത്തിന് കാരണമാകും. ഇസ്തിരിയിട്ട തുണികൾ ഉടൻ തന്നെ മടക്കിവയ്‌ക്കാൻ ശ്രദ്ധിക്കണം. അലക്ഷ്യമായിവെച്ചാൽ വസ്ത്രത്തിൽ വീണ്ടും ചുളിവുകൾ വീണേക്കാം.
ഇസ്തിരിയിടുമ്പോൾ വസ്ത്രങ്ങൾക്ക് അനുസരിച്ചുള്ള ചൂട് ഉപയോഗിക്കാനും ശ്രദ്ധിക്കണം. കോട്ടൻ വസ്ത്രങ്ങൾക്ക് ആവശ്യമുള്ളത്ര ചൂട് സിൽക്ക് വസ്ത്രങ്ങൾക്ക് ആവശ്യമില്ല. അതിനാൽ സിൽക്ക് സിന്തറ്റിക് വസ്ത്രങ്ങൾ ചെറിയ ചൂടിൽ തേയ്‌ക്കാം. അല്ലെങ്കിൽ തുണിയിൽ തീ പിടിക്കാൻ സാദ്ധ്യതയുണ്ട്. കോട്ടൻ വസ്ത്രങ്ങളിലെ ചുളിവുകൾ മാറാൻ ചൂട് കൂട്ടി ഉപയോഗിക്കാം. വളരെ സെൻസിറ്റീവായ തുണികൾ തേയ്‌ക്കുമ്പോൾ അതിനനുസരിച്ചുള്ള മോഡ് സെലക്ട് ചെയ്യുക.
വസ്ത്രങ്ങൾ തേയ്‌ക്കുന്നതിന് പ്രത്യേക രീതിയുണ്ട്. വൃത്താകൃതിയിൽ ഒരിക്കലും വസ്ത്രങ്ങൾ തേയ്‌ക്കാൻ പാടില്ല. ഇത് വസ്ത്രം വേഗം കേടുവരുന്നതിന് കാരണമാകും. നേരെ മാത്രമേ ഇസ്തിരിയിടാവൂ. ഇത് ചുളിവുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
കോട്ടൻ വസ്ത്രങ്ങൾ തേയ്‌ക്കുമ്പോൾ ഉൾഭാഗം പുറത്തേക്ക് ആക്കി തേയ്‌ക്കുന്നതാകും നല്ലത്. ഇത് തുണികൾ പെട്ടെന്ന് നരയ്‌ക്കുന്നത് തടയും. അൽപ്പം വെള്ളം തളിച്ച ശേഷം തേയ്‌ക്കുന്നത് വേഗത്തിൽ ചുളിവുകൾ നീങ്ങാൻ സഹായിക്കും.















