തിരുവനന്തപുരം:കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച മേയർ ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു. പ്രതിപക്ഷ യുവജന സംഘടനകൾ സമരവും പ്രതിഷേധവും ശക്തമാക്കിയതോടെ സിപിഎം ഇക്കാര്യത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.
എന്നാൽ മേയറുടെ രാജി ആവശ്യമില്ലെന്ന നിലപാടാണ് പാർട്ടി ഇപ്പോഴും ആവർത്തിക്കുന്നത്. കത്ത് തന്റേതല്ലെന്ന് ആര്യ രാജേന്ദ്രൻ പറയുന്നുണ്ടെങ്കിലും തെളിവുകൾ മേയർക്കെതിരാണ്. രണ്ടാമത്തെ കത്തിന്റെ ഉത്തരവാദിത്വം എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിൽ ഏറ്റെടുത്തിരുന്നു. ഇത് പാർട്ടി സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നാണ് ന്യായീകരണം പറയുന്നതെങ്കിലും വഴിവിട്ട നിയമനങ്ങൾക്ക് സിപിഎം ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നഗരസഭയിലെ പ്രതിപക്ഷ സമരം അവരുടെ ആവശ്യവും അവകാശവുമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങൾ ജനങ്ങളോട് കാര്യം പറയുമെന്ന പതിവ് പല്ലവിയാണ് ആനാവൂർ നാഗപ്പനും നിരത്തുന്നത്. എഫ്‌ഐആർ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് മൊഴി നൽകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ഹൈക്കോടതി കൂടി ഇടപെട്ടതോടെ മേയറെ സംരക്ഷിച്ചുനിർത്തുന്നത് എളുപ്പമായിരിക്കില്ലെന്ന അഭിപ്രായവും സിപിഎമ്മിൽ ഉയരുന്നുണ്ട്. സംഭവത്തിൽ മേയറോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കത്തിന്റെ ആധികാരികതയിൽ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ നടത്തുകയും കോടതിയുടെ നിലപാട് എതിരാകുകയും ചെയ്താൽ പാർട്ടിക്ക് വലിയ നാണക്കേടാകും ഉണ്ടാക്കുകയെന്നും ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.
കോർപ്പറേഷനിലെ ആരോഗ്യവകുപ്പിലെ 295 താൽക്കാലിക ഒഴിവുകളിലേക്കാണ് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ലഭ്യമാക്കാൻ ആവശ്യപ്പെട്ട് മേയറുടെ പേരിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചത്. ഇത് ഡിആർ അനിൽ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെ കത്ത് പുറത്താകുകയായിരുന്നു. നാല് ദിവസമായി ഇതിന്റെ പേരിൽ നഗരസഭയിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
Comments