തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഒരിക്കലും രാജിവെക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയർ സ്ഥാനത്ത് തുടരും. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യ.
55 കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയാണ് താൻ മേയറായി ചുമതലയേൽക്കുന്നത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തന്നെ തുടരും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. വിഷയത്തിൽ പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് നേരിട്ട് പറയും. കോടതി അയച്ച നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മേയർ പറഞ്ഞു.
”കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ” എന്ന ജെബി മേത്തറുടെ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും മേയർ പറഞ്ഞു. മഹിളാ കോൺഗ്രസ് കുടുംബത്തെ ചേർത്ത് അപമാനിക്കുകയാണ് ചെയ്തത്. അത് സംബന്ധിച്ച് പരാതി നൽകുന്നത് ഭാവിയിൽ ആലോചിക്കും. നഗരസഭയിലേക്കുള്ള പണം താനോ ഡെപ്യൂട്ടി മേയറോ മറ്റ് അംഗങ്ങളോ അടിച്ചുമാറ്റിയെന്ന് പറയാൻ തയ്യാറായാൽ അതിനെ നിയമപരമായി നേരിടുമെന്നും മേയർ വെല്ലുവിളിച്ചു.
Comments