കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഇരുവരും ചേർന്ന് അദ്ദേഹത്തെ പിന്തുടർന്നത്.
കോന്റോയിലായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴി മദ്ധ്യേയായിരുന്നു ഇരുവരും ചേർന്ന് അദ്ദേഹത്തെ പിന്തുടർന്നത്. ഇത് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സുവേന്ദു അധികാരി വീടിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സിആർപിഎഫ് ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനെ ഏൽപ്പിച്ചു. സിആർപിഎഫ് നൽകിയ പരാതിയിലാണ് ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
അതേസമയം അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് പിന്തുടർന്നത് എന്ന ചോദ്യത്തിന് പ്രതികൾ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments