ഇടുക്കി : മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുണ്ടളയ്‌ക്ക് സമീപം പുതുക്കടിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത്. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിൽ പതിനൊന്ന് പേർ ഉണ്ടായിരുന്നു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയെയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു.
ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കാട്ടാന ശല്യവും മഴയും കാരണം തിരച്ചിൽ നിർത്തിവെയ്‌ക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഏഴ് മണിയോടെ പുനരാരംഭിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.















