സന്തോഷകരമായ അവസരങ്ങൾ കൂടുതൽ ആഹ്ലാദകരമാക്കാൻ പ്രിയപ്പെട്ടവർക്കായി നാം തയ്യാറാക്കുന്ന വിശേഷ മധുര പലഹാരമാണ് ലഡ്ഡു. മഞ്ഞ നിറത്തിലുള്ള ലഡ്ഡുവിനാണ് ഏറെ പ്രിയമെങ്കിലും, പച്ച ലഡ്ഡുവിനും ആരാധകർ ഏറെയാണ്.
ചെറുപയർ പൊടിയും ശർക്കരയും നെയ്യും ബദാം പരിപ്പും കശുവണ്ടി പരിപ്പും ഏലയ്‌ക്കയുമാണ് പച്ച ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ചെറുപയർ പൊടി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടായി പോകുന്ന പലഹാരമാണ് പച്ച ലഡ്ഡു എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ, ഉണ്ടാക്കുന്ന സമയം മുതൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവ ഏകദേശം ഒരു മാസം വരെ കേടാകാതെ ഇരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.
ലഡ്ഡു തയ്യാറാക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകി അൽപ്പം എണ്ണ പുരട്ടുന്നത് ലഡ്ഡുവിന് മൊത്തത്തിൽ മയം നൽകാൻ സഹായിക്കും. ഈർപ്പം തങ്ങി നിന്ന് ലഡ്ഡുവിൽ പൂപ്പൽ പിടിക്കാതിരിക്കാൻ ഇത് ഒരു പരിധി വരെ ഉപകരിക്കും.
ലഡ്ഡുവിനായി തയ്യാറാക്കുന്ന മിശ്രിതം ചെറു ചൂടോടെ ഇരിക്കുമ്പോൾ എടുത്ത് ഉരുളുകൾ ഉരുട്ടുന്നതാണ് നല്ലത്. മിശ്രിതം തണുത്താൽ ലഡ്ഡു കട്ടിയാകും. മയമില്ലാത്ത ലഡ്ഡു അതിവേഗം കേടാകും.
ഈർപ്പമില്ലാത്ത ഫുഡ് സേവറുകളിൽ ഭംഗിയായി അടച്ചു വെച്ചാൽ ലഡ്ഡു അത്ര പെട്ടെന്നൊന്നും കേടാകില്ല. ഇങ്ങനെ സൂക്ഷിച്ചാൽ വിശേഷ അവസരങ്ങൾക്കായി തയ്യാറാക്കുന്ന പച്ച ലഡ്ഡു ഒരു മാസം വരെ കേടാകാതെ ഇരിക്കുമെന്നാണ് പാചക വിദഗ്ധർ പറയുന്നത്.















