കൊച്ചി : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ സിഐ സുനുവിനെ കസ്റ്റഡിയിൽ എടുത്തെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സിഎച്ച് നാഗരാജു. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് കമ്മീഷണർ പറയുന്നത്. അതിനാൽ ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകാനാണ് സാധ്യത. രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തത് എന്നും കമ്മീഷണർ വ്യക്തമാക്കി.
കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകൾ അപര്യാപ്തമാണ്. കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം ശരിയല്ല. അതുകൊണ്ടാണ് കസ്റ്റഡിയിൽ എടുത്തത് എന്നും അദ്ദേഹം അറിയിച്ചു.
കേസ് വളരെ ഗൗരവമുള്ളതാണ്. രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തത്. പരാതിയിൽ കൂടുതൽ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് ഇയാളെ പിടികൂടിയത്. കോഴിക്കോട് പോലീസ് സ്‌റ്റേഷനിൽ എത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
നേരത്തെയും ഇയാൾക്കെതിരെ പീഡന പരാതി ഉയർന്നിരുന്നു. തൃശൂരിൽ എൻജിനിയറിംഗ് ബിരുദധാരിയെ പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.















