ബാലി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം ജി20 സംയുക്ത പ്രമേയത്തിൽ ഉൾപ്പെടുത്തി. സമർഖണ്ഡിലെ ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷൻ ഉച്ചകോടിക്കിടെയായിരുന്നു, യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട് വ്യക്തമാക്കിയത്. ‘ഇത് യുദ്ധത്തിന്റെ കാലമല്ല‘ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
‘ഇത് യുദ്ധത്തിന്റെ കാലമല്ല‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ പ്രസ്താവന ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ ഏറ്റെടുത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ സുവ്യക്തമായി മുഴങ്ങുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി.
ഇന്ത്യ- യുകെ ബന്ധത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നടത്തിയ ഹൃസ്വ സംഭാഷണം സൗഹാർദപരവും പ്രതീക്ഷാനിർഭരവുമായിരുന്നു എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments