ന്യൂഡൽഹി: തെരുവുനായകൾക്ക് പൊതുസ്ഥലത്ത് തീറ്റ നൽകുന്നവർ അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നായകളെ പരിചരിക്കാൻ ഇഷ്ടപ്പെടുന്ന മൂന്ന് പേർ ചേർന്ന് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ തെരുവുനായകൾക്ക് ആഹാരം നൽകുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ഹർജി.
ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് തെരുവുനായകളെ ദത്തെടുത്തതിന് ശേഷം മാത്രം ഭക്ഷണം നൽകുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്ന് സുപ്രീം കോടതിചൂണ്ടിക്കാട്ടി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ചില നിയുക്ത സ്ഥലങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യം മുനിസിപ്പൽ കോർപ്പറേഷൻ ഏർപ്പാടാക്കണമെന്നും കോടതി നിർദേശിച്ചു. ഇത് നടപ്പിലാകുന്നതുവരെ തെരുവുനായകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം മുനിസിപ്പൽ അധികൃതർക്കായിരിക്കും.
സൗകര്യമൊരുക്കിയാൽ ഇത്തരം സ്ഥലങ്ങളിൽ വെച്ച് മാത്രമേ തെരുവുനായകൾക്ക് ഭക്ഷണം നൽകാവൂവെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരാണ് ഹർജി പരിഗണിച്ചത്. അതേസമയം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത വിധത്തിൽ വേണം തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
Comments