ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ കേരള ഹൈക്കോടതിയ്‌ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. എൻഐഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സ്‌ഫോടനകേസ് പ്രതികളായ തടിയന്റവിട നസീർ, ഷിഫാസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
കേസിൽ തടിയന്റെവിട നസീർ ഒന്നാം പ്രതിയും, ഷിഫാസ് നാലാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ ടെലിഫോൺ രേഖകൾ ഉൾപ്പെടെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ ഹർജി നൽകിയത്. ഇത് പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. എൻഐഎയ്‌ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ഹാജരായി.
2006 ലായിരുന്നു കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമായി സ്‌ഫോടനം ഉണ്ടായത്. കേസിൽ തടിയന്റവിട നസീറിനും, ഷിഫാസിനും ഇരട്ട ജീവപര്യന്തമായിരുന്നു വിചാരണ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾക്കനുകൂലമായി കോടതി വിധി പറഞ്ഞത്.
Comments