ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ ഫുഡ് ഡെലിവറി ചെയ്ത് താരമായിരിക്കുകയാണ് സിംഗപ്പൂർ സ്വദേശിയായ ഒരു യുവതി. 30,000 കിലോമീറ്ററുകൾ താണ്ടി അന്റാർട്ടിക്കയിൽ എത്തിയാണ് യുവതി കസ്റ്റമർക്ക് ഭക്ഷണം നൽകിയത്. മാനസ ഗോപാൽ എന്ന യുവതിയാണ് ഈ സാഹസം ചെയ്തത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
കൈയ്യിൽ ഭക്ഷണപ്പൊതിയുമായി മാനസ നാല് ഭൂഖണ്ഡങ്ങൾ താണ്ടി 30,000 കിലോമീറ്റർ സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. സിംഗപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര ആദ്യമെത്തിയത് ഹാംബർഗിലാണ്. തുടർന്ന് ബ്യൂണേഴ്‌സ്, അയേഴ്‌സ്, ഉഷുവ എന്നീ സ്ഥലങ്ങൾ കടന്ന് അന്റാർട്ടിക്കയിൽ എത്തി. ഒടുവിൽ, അന്റാർട്ടിക്കയിലെ തന്റെ കസ്റ്റമറിന് യുവതി ഭക്ഷണം കൈമാറുന്നതും വീഡിയോയിലുണ്ട്.
ഇന്ന്, താൻ സിംഗപ്പൂരിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് ഒരു പ്രത്യേക ഭക്ഷണം വിതരണം നടത്തിയെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. @foodpandasg ലെ ആളുകളുമായി പങ്കുചേർന്ന് ഇത് നടത്തിയതിൽ അതിയായ സന്തോഷമുണ്ട്. 30,000-ത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്ത് നാല് ഭൂഖണ്ഡങ്ങൾ കടന്ന് ഈ രുചി വിദൂര സ്ഥലങ്ങളിൽ എത്തിക്കുക എന്നത് എന്നും ലഭിക്കുന്ന ഒരവസരമല്ല എന്നും യുവതി പറയുന്നു.
2021 ൽ തന്റെ അന്റാർട്ടിക് പര്യവേഷണത്തിനായി ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുകയാണെന്നും അത് സ്‌പോൺസർ ചെയ്യാൻ താത്പര്യമുള്ളവർ മുന്നോട്ട് വരണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒരു മാസം മുമ്പ് തനിക്ക് ഫുഡ് പാണ്ടയിൽ നിന്ന് മറുപടി ലഭിച്ചുവെന്നും പിന്നാലെ ആഗ്രഹം സഫലമാക്കിയെന്നും യുവതി പറഞ്ഞു.
വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടും നിന്നും യുവതിക്ക് പ്രശംസകളുമെത്തുന്നുണ്ട്.















