കൊച്ചി : കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പ്രതികളെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതികളെ എറണാകുളം എസിജെഎം കോടതി റിമാന്റ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി ,കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവർക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ വാർത്ത പുറത്തുവന്നത്. സുഹൃത്ത് ഡോളി വിളിച്ചിട്ടാണ് താൻ ബാറിലേക്ക് പോയതെന്നും അവിടെ വെച്ച് ബിയറിൽ എന്തോ പൊടി കലക്കി തന്നുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. അതോടെയാണ് തലകറക്കം അനുഭവപ്പെട്ടത്. പിന്നാലെ കാറിലേക്ക് കയറ്റി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തനിക്ക് മയക്കുമരുന്ന് കലക്കി തന്നതായി സംശയിക്കുന്നുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. മൂന്ന് പേരും യുവതിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. പീഡനത്തിന് ഡോളിയും സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ഹോട്ടലിൽ സംഭവിച്ചതും വാഹനം സഞ്ചരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments