ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലും ഇന്ത്യ പ്രത്യേകം വിളിച്ചിരിക്കുന്ന ആസിയാൻ -ഇന്ത്യ പ്രതിരോധ കൂട്ടായ്മയിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും. കംബോഡിയയിലെ സീം റീപ്പ് നഗരത്തിലാണ് ഈ മാസം 22,23 തിയതികളിൽ ആസിയാൻ പ്രതിരോധ ഉച്ചകോടി നടക്കുന്നത്.
ആസിയാൻ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ഇത്തവണ ഇന്ത്യയും കംബോഡിയയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് രണ്ട് രാജ്യങ്ങൾ ഒരേ സമ്മേളനത്തിന് ആതിഥേയരാകുന്നത്. യുദ്ധഭീതിയിലും ഭീകരാക്രമണങ്ങളുടെ പശ്ചാത്ത ലത്തിലും ആസിയാൻ രാജ്യങ്ങളുടെ മേഖലയെ കരുത്തുറ്റതാക്കുക എന്നതാണ് ഉച്ചകോടി യുടെ ലക്ഷ്യം. ഇന്ത്യ-ആസിയാൻ കൂട്ടായ്മയുടെ 30 വർഷമെന്ന പ്രത്യേകതയാണ് ഇന്ത്യ ഏറെ പ്രാധാന്യത്തോടെ കാണുന്നത്.
1992ലാണ് ഇന്ത്യ ആസിയാൻ കൂട്ടായ്മയുടെ ഭാഗമായത്. വിയറ്റ്‌നാമിലെ ഹാനോയിലായിരുന്നു പ്രഥമ ഉച്ചകോടി നടന്നത്. ഇത്തവണ എല്ലാ ആസിയാൻ രാജ്യങ്ങളുമായും ഇന്ത്യൻ പ്രതിനിധികൾ പ്രത്യേകം യോഗം നടത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.















