തിരുവനന്തപുരം : നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ രേഖ ചമയ്‌ക്കൽ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്.
മേയറുടെ ലെറ്റർ പാഡിൽ ആരോ കൃത്രിമം കാണിച്ചുവെന്നാണ് എഫ്‌ഐആർ. ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച വിവാദ കത്തിലാണ് അന്വേഷണം കടുപ്പിക്കുന്നത്.
കത്ത് ആരാണ് തയ്യാറാക്കിയത് എന്ന് കണ്ടെത്താൻ പോലീസിനോ ക്രൈം ബ്രാഞ്ചിനോ ഇതുവരെ സാധിച്ചിട്ടില്ല. കത്തിന്റെ സ്‌ക്രീൻ ഷോട്ട് മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഒറിജിനൽ കിട്ടിയാൽ മാത്രമേ ഇത് വ്യാജമാണോ എന്ന് മനസിലാകൂ. പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് ഇത്തരത്തിലൊരു കത്ത് നൽകിയിട്ടില്ലെന്നും കത്ത് നൽകുന്ന പരിപാടി സിപിഎമ്മിന് ഇല്ലെന്നുമാണ് ആര്യാ രാജേന്ദ്രന്റെ മൊഴി. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കത്ത് നശിപ്പിച്ച സാഹചര്യത്തിൽ ഇത് ആരാണ് തയ്യാറാക്കിയത് എന്ന് കണ്ടെത്തിയാൽ മാത്രമേ തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരാൻ സാധിക്കൂ.
Comments