ദുബായ് : ക്രൂയിസ് സീസൺന്റെ വരവറിയിച്ച് ദുബായ് ഹാർബറിൽ ആദ്യ യാത്രക്കപ്പൽ എത്തി. അടുത്ത വർഷം ജൂൺ വരെ നീളുന്ന സീസണിൽ മൂന്ന് ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പരിസ്ഥിതിസൗഹൃദ കപ്പലായ ഐഡ കോസ്മയാണ് ഹാർബറിലെത്തിയത്.
ലിക്വിഡ് നാച്വറൽ ഗാസ് ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവർത്തനം. ജർമനിയിൽനിന്ന് പുറപ്പെട്ട കപ്പലിൽ 5500 യാത്രക്കാരുണ്ട്. കപ്പലിന്റെ കന്നിയാത്രയായിരുന്നു ഇത്. 20 പാസഞ്ചർ ഡക്കുകളും 2600 മുറികളും ഇതിലുണ്ട്.
ഐഡയുടെ ഏറ്റവും വലിയ കപ്പലിലൊന്നാണിത്. ഫൺ പാർക്ക്, കുട്ടികൾക്കുള്ള പൂൾ, സ്പോർട്സ് ഏരിയ, 17 റസ്റ്റാറൻറ്, 23 ലോഞ്ച് എന്നിവയുമുണ്ട്. ആഗോള ടൂറിസം മേഖലയിൽ ദുബായുടെ പേര് എഴുതിച്ചേർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതാണ് ക്രൂയിസ് സീസൺ. വിമാനത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുറമെയാണ് വിവിധ ദേശങ്ങളിലെ കപ്പൽ യാത്രികരും ഇവിടേക്ക് എത്തുന്നത്.
ഫിഫയുടെ ഫാൻ ഫെസ്റ്റ് തുടങ്ങാനിരിക്കുന്നതിനിടയിലാണ് ഹാർബറിൽ ആദ്യ യാത്രക്കപ്പലും എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ക്രൂസ് ഷിപ്പുകൾ ദുബായ് തീരത്തെത്തും. തണുപ്പുകാലം തുടങ്ങിയതോടെ യുഎഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് സന്ദർശകരാണ് ദുബായിലേക്ക് എത്തുന്നത്.
Comments