ആളുകളുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കാൻ സാധിക്കുന്നവയാണ് മീമുകളും കാർട്ടൂണുകളും. തുറന്ന് പറയാൻ സാധിക്കാത്ത അല്ലെങ്കിൽ മനസിലാക്കിക്കൊടുക്കാൻ പറ്റാത്ത പലകാര്യങ്ങളും ഇത്തരം കാർട്ടൂണുകളിലൂടെ പരിഹാസ രൂപത്തിലാക്കിയാണ് ആളുകൾക്ക് മുന്നിൽ എത്തിക്കുക. പണ്ട് പത്രങ്ങളിലും വാരാന്ത്യ മാസികകളിലുമാണ് ഇത്തരം കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണാൻ സാധിക്കുന്നു.
പ്രശസ്ത വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു കാർട്ടൂൺ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു വൃദ്ധ സദനത്തിൽ നിന്നുള്ള ചിത്രമാണിത്. തന്നിൽ വിഷാദം നിറച്ച ഒരു ചിത്രം എന്ന പേരിലാണ് ആനന്ദ് മഹീന്ദ്ര ഇത് പങ്കുവെച്ചത്.
”വൃദ്ധസദനത്തിലെ ചാറ്റിംഗ് അനന്തര കാലം” എന്ന് കുറിച്ചിരിക്കുന്ന ചിത്രമാണിത്. ഫോൺ കൈയ്യിലുണ്ടെന്ന തോന്നലോടെ നിരവധി വൃദ്ധർ തലകുനിച്ച് കൈകളിലേക്ക് നോക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാനാകും. വളരെ നിരാശാജനകമായ ഒരു കാർട്ടൂൺ എന്ന ക്യാപ്ഷനോടെയാണ് ആനന്ദ് മഹീന്ദ്ര ഇത് പങ്കുവെച്ചത്.
That’s a seriously depressing cartoon. But it’s made me decide to put down the phone (after tweeting this!) and ensure that my Sunday is spent with my neck straight and my head up… pic.twitter.com/seEdiAhQAC
— anand mahindra (@anandmahindra) November 27, 2022
”ഫോൺ താഴെ വയ്‌ക്കാൻ എന്നെ പ്രേരിപ്പിച്ച ചിത്രം(ട്വീറ്റ് ചെയ്തതിന് ശേഷം). ഞായറാഴ്ച കഴുത്ത് നേരെയാക്കിയും തലയുയർത്തിയും ചെലവഴിക്കുന്നുമെന്ന് ഉറപ്പാക്കും” എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
2012 ൽ സൃഷ്ടിച്ച കാർട്ടൂൺ ചിത്രമാണിത്. എപ്പോഴും ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നതിന്റെ പാർശ്വഫലങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ചിത്രം. ചിത്രം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments