ലണ്ടൻ: റഷ്യൻ പട്ടാളത്തിനെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രഥമ വനിത ഒലേന സെലൻസ്‌ക. യുക്രെയ്ൻ കീഴടക്കാൻ റഷ്യൻ പട്ടാളക്കാർ ഉപയോഗിക്കുന്ന പ്രധാന ആയുധം ബലാത്സംഗമാണ്. രാജ്യത്തിലെ വനിതകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഓരോ റഷ്യൻ പട്ടാളക്കാരനും പ്രചോദനം നൽകുന്നത് അവരുടെ ഭാര്യമാരാണെന്നും ഒലേന സെലൻസ്‌ക ആരോപിച്ചു.
സംഘർഷങ്ങൾക്കിടയിൽ അരങ്ങേറുന്ന ലൈംഗിക പീഡനവും അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ലണ്ടനിൽ നടത്തിയ അന്താരാഷ്‌ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ഒരാൾക്കെതിരെ ആധിപത്യം ശ്രമിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ രീതിയാണ് ലൈംഗികാതിക്രമം. യുദ്ധസമയങ്ങളിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് അതിജീവനം പ്രയാസമായിരിക്കുമെന്നും അവർ പറഞ്ഞു.
യുക്രെയ്‌നിലെ ഓരോ സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുന്നത് കൂടാതെ ഇക്കാര്യം വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ആഘോഷത്തോടെ വിളിച്ച് പറയുന്ന റഷ്യൻ പട്ടാളക്കാരെയും കാണാനിടയായി. ഇതുകേൾക്കുന്ന ഭാര്യമാർ ഒരിക്കലും എതിർത്ത് സംസാരിച്ചിട്ടില്ല. ഇവരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. ലൈംഗികാതിക്രമത്തിലൂടെ രാജ്യത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന റഷ്യൻ പട്ടാളക്കാരുടെ നീക്കം യുദ്ധക്കുറ്റമാണെന്നും കർശനമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഒലേന പറഞ്ഞു.
Comments