തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കൺവീനർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആർ. ഫാദർ തിയോഡേഷ്യസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എഫ്‌ഐആർ. മതത്തിന്റെയും വംശത്തിന്റെയും പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. ആളുകളെ പ്രകോപിപ്പിച്ച് സമാധാന ലംഘനം ഉണ്ടാക്കാനായിരുന്നു പ്രസംഗമെന്നും എഫ്‌ഐആറിൽ കുറ്റപ്പെടുത്തുന്നു. മന്ത്രി വി അബ്ദുറഹ്മാന് എതിരായ തീവ്രവാദി പരാമർശം ജനങ്ങളെ പ്രകോപിപ്പിക്കാനായി ലക്ഷ്യമിട്ടതാണെന്നും എഫ്‌ഐആറിൽ ഉണ്ട്.
ഇന്നലെ മന്ത്രി അബ്ദുറഹ്മാനെതിരായ വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദം ഉണ്ടെന്നായിരുന്നു തിയോഡേഷ്യസിന്റെ പ്രസ്താവന.
കേസെടുത്തതിന് പിന്നാലെ മന്ത്രിക്കെതിരായ പരാമർശത്തിൽ ഫാദർ ഖേദം പ്രകടിപ്പിച്ചിരുന്നു.പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ഫാദർ വ്യക്തമാക്കിയിരുന്നു.















