എറണാകുളം: കെഎസ്‌യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ വിദ്യാർത്ഥികളായ രാജേശ്വരി, അതുൽ ദേവ്, സിദ്ധാർത്ഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്.
യൂണിയൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാനാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് കോളേജ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ക്ലാസ് പ്രതിനിധിയും കെഎസ്‌യു പ്രവർത്തകയുമായ പ്രവീണയ്‌ക്ക് വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രവീണ പോലീസിൽ പരാതിപ്പെടുകയായിരുന്നു. 363-ാം വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
തനിക്ക് വയ്യെന്ന് പറഞ്ഞ് രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രവീണയുടെ പരാതി. തുടർന്ന് കാറിൽ കയറിയ പ്രവീണയുമായി ആശുപത്രിയിൽ പോകാതെ മറ്റിടങ്ങളിൽ കറങ്ങി വീണ്ടും കോളേജിൽ തിരിച്ചെത്തുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും ഫലം അട്ടിമറിക്കപ്പെടുകയും ചെയ്തതായയി പെൺകുട്ടി പറഞ്ഞു. നേരത്തെ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
Comments