ഇന്ത്യയിലെ സാധാരണക്കാരുടെയും വാഹന പ്രേമികളുടെയും ഇഷ്ട ബ്രാന്റാണ് മാരുതി സുസുക്കി. കുറഞ്ഞ വിലയിൽ പോലും വാഹനങ്ങൾ ലഭിക്കും എന്നതാണ് മാരുതി സുസുക്കിയുടെ ജനപ്രിതിക്ക് കാരണം. എന്നാൽ, സാധാരണക്കാരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ മോഡലുകൾക്ക് വില വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. 2023 ജനുവരി 1 മുതലാണ് തങ്ങളുടെ വാഹനങ്ങൾക്ക് മാരുതി സുസുക്കി വില വർദ്ധിപ്പിക്കുന്നത്. എല്ലാ മോഡലുകൾക്കും വില കൂടാൻ സാധ്യതയുണ്ട്.
‘മൊത്തത്തിലുള്ള നാണയപ്പെരുപ്പവും, വാഹന നിർമ്മാതാക്കൾ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ പരിഷ്കരിച്ചതും വാഹന നിർമ്മാണത്തിന്റെ ചിലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ വാഹനങ്ങുടെ വില വർദ്ധിപ്പിക്കേണ്ടതുണ്ട്. 2023 ജനുവരിയിൽ ഈ വില വർദ്ധനവ് കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്, ഇത് മോഡലുകളിലുടനീളം വ്യത്യാസപ്പെടും’ എന്നാണ് മാരുതി സുസുക്കി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ, ചിലവുകളിലെ വർദ്ധനവ് കാരണം ഹാച്ച്ബാക്ക് സ്വിഫ്റ്റിനും എല്ലാ സിഎൻജി വകഭേദങ്ങൾക്കും മാരുതി സുസുക്കി വില കൂട്ടിയിരുന്നു. എല്ലാ മോഡലുകളിലും 1.3 ശതമാനം വിലയാണ് വർദ്ധിപ്പിച്ചത്. അതേസമയം, വില വർദ്ധനവ് വരുന്നതോടെ മാരുതിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വില വർദ്ധനവ് വാഹനങ്ങളുടെ വില്പനയിൽ പ്രതിഫലിക്കും. മാത്രമല്ല, ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ ശക്തി പ്രാപിക്കുന്നതും മാരുതിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയ തരത്തിൽ മാരുതി തങ്ങളുടെ വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കാം.
Comments