തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി–കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് നൽകിയ സമൻസ് കൈമാറാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വസതിയിലെത്തി. ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് എത്തിയത്. എന്നാൽ സമൻസ് കൈപ്പറ്റാൻ തയ്യാറാകാത്തതിനാൽ സമൻസ് നോട്ടീസ് ചുമരിൽ പതിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
നടപടി ക്രമങ്ങളുടെ ഭാഗമായി മൂന്ന് തവണ ഇന്ന് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. പിണറായി കണ്ണൂരിൽ പാർട്ടി പരിപാടിയിലാണ് എന്നാണ് വീട്ടിലുള്ളവർ പറഞ്ഞത്. കൂടാതെ നോട്ടീസ് കൈപ്പറ്റാനും അവർ തയ്യാറായില്ല. തുടർന്നാണ് നോട്ടീസ് ചുമരിൽ പതിപ്പിച്ച് ഇഡി മടങ്ങിയത്. ഒക്ടോബർ 23ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്. പിണറായിയും കുടുംബവും കണ്ണൂരിലാണ് എന്നാണ് വിവരം.
ഇഡി നടപടിയെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി രംഗത്തെത്തി. ഇ ഡി ബലംപ്രയോഗിച്ച് അനുവാദമില്ലാതെ നോട്ടീസ് ഒട്ടിച്ചു എന്ന് ശിവൻകുട്ടി പറഞ്ഞു. സുപ്രീം കോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസാണ്.
സുപ്രീംകോടതിയിൽ നിന്ന് വിധി വന്നതിനുശേഷം എന്തെങ്കിലും ചെയ്യാൻ പാടുള്ളൂ.
ഉണ്ടായത് അന്യായപരമായ കാര്യമാണെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം.
അതേസമയം, പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ ഡി ഉന്നത ഉദ്യോഗസ്ഥ സംഘമെത്തും. ചെന്നൈയിലെ സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിലെത്തുമെന്നും സൂചനയുണ്ട്. ഡൽഹിയിലെ ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്യൽ സംഘത്തിൽ ഉണ്ടാകും















