ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ഏകദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 187 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർക്ക് 39 ഓവറുകൾ പിന്നിടുമ്പോൾ 8 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 135 റൺസാണ് അവരുടെ സ്കോർ. 11 ഓവർ ബാക്കി നിൽക്കെ, വിജയത്തിൽ നിന്നും 52 റൺസ് അകലെയാണ് ബംഗ്ലാദേശ്.
മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റർ ഷകീബ് അൽ ഹസനെ പുറത്താക്കാൻ ഇന്ത്യൻ താരം വിരാട് കോഹ്ലി എടുത്ത ക്യാച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്. വാഷിംഗ്ടൺ സുന്ദറിന്റെ ബൗളിംഗിലാണ് കോഹ്ലി ഷകീബിനെ വായുവുൽ പറന്നുയർന്ന് ക്യാച്ച് ചെയ്ത് പുറത്താക്കിയത്. സുന്ദറിന്റെ പന്തിൽ ഓഫ് ഡ്രൈവിന് ശ്രമിച്ച ഷകീബിനെ ഷോർട്ട് കവറിൽ നിന്നാണ് കോഹ്ലി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്.
https://twitter.com/_ratna_deep/status/1599367880956858368?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1599367880956858368%7Ctwgr%5E3c7d2484a319c24800a48e10b531d25cc9617657%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Find-vs-ban-virat-kohli-pulls-off-one-handed-blinder-to-dismiss-shakib-al-hasan-of-sundars-bowling-watch-article-95980670
നേരത്തേ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കിയിരുന്നു. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
മുൻ നിര ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പരാജയപ്പെട്ട മത്സരത്തിൽ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും കരകയറ്റിയത്. രാഹുൽ 70 പന്തിൽ 73 റൺസ് നേടി. ഋഷഭ് പന്തിന് പകരം രാഹുലാണ് ഇന്ന് വിക്കറ്റ് കീപ്പറുടെ റോളിൽ. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറാകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം കരുതലോടെയാണ് ബംഗ്ലാദേശ് പിന്തുടരുന്നത്. 2 വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് സിറാജും വാഷിംഗ്ടൺ സുന്ദറും ഇന്ത്യക്ക് വേണ്ടി മികച്ച ബൗളിംഗാണ് കാഴ്ചവെക്കുന്നത്.















