തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരണവുമായി തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ.’ വിഴിഞ്ഞം സമരം ഒത്തുതീർപ്പായി, സഹകരിച്ച എല്ലാവർക്കും നന്ദി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സർക്കാരുമായി നടത്തിയ സമവായ ചർച്ചകൾക്ക് പിന്നാലെയാണ് ദിവസങ്ങളായി തുടർന്നുവന്ന സമരം അവസാനിപ്പിച്ചത്. തുറമുഖ പദ്ധതിയ്ക്കെതിരെ കഴിഞ്ഞ 140 ദിവസമായി നടന്ന സമരത്തിനാണ് അവസാനമാകുന്നത്. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ തൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാടക ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സമരക്കാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.
സമരം സാമുദായിക കലാപത്തിലേക്ക് പോകാതിരിക്കാൻ ലത്തീൻ സഭ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും യൂജിൻ പേരെര പറഞ്ഞു. സമരം അവസാനിപ്പിക്കുകയാണെങ്കിലും സമരത്തിന്റെ ഒന്നാം ഘട്ടമായാണ് ഇതിനെ കാണുന്നതെന്നും തങ്ങൾ പറഞ്ഞ സത്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും യൂജിൻ പേരെര വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പഠനവും ചർച്ചയും തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments