മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങൾ പൂർത്തീകരിക്കാനും നമുക്ക് കൈ ആവശ്യമാണ്. എന്നാൽ ചിലരുടെ കൈപ്പത്തികളിൽ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നത് നാം ശ്രദ്ധിച്ചിരിക്കാം. കൈപ്പത്തികൾ വല്ലാതെ വരണ്ടിരിക്കും. ചിലപ്പോൾ തൊലിയിളകി പോകുന്നുമുണ്ടാകും. പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ കൈപ്പത്തിക്കുള്ളിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും പലരും പറയാറുണ്ട്. ഏതെല്ലാം സാഹചര്യത്തിലാണ് കൈപ്പത്തിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് നോക്കാം..
പലപ്പോഴും അലർജി മൂലമാകാം കൈപ്പത്തിക്കുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ചിലരിൽ അലർജി കാരണം ചുവന്നു തടിച്ച പാടുകൾ രൂപപ്പെടുകയും ചെയ്തേക്കാം. തണുപ്പ് അധികമുള്ള കാലാവസ്ഥയിൽ കഴിയുമ്പോൾ കൈകൾ വല്ലാതെ വരണ്ടുപോകാം. മഞ്ഞുകാലത്തിന്റെ സവിശേഷത മൂലം കൈപ്പത്തിയിലെ തൊലി പറിഞ്ഞുവരാനും സാധ്യതയുണ്ട്. വിരലുകളിൽ മോതിരമണിഞ്ഞിട്ടുണ്ടെങ്കിൽ അവയ്‌ക്കിടയിൽ അണുക്കൾ ഇരുന്ന് അലർജിയുണ്ടായേക്കാം. ചിലർക്ക് ഇത് ചൊറിച്ചിലായാണ് അനുഭവപ്പെടുക. പുതിയ ഹാൻഡ് ഗ്ലൗസുകൾ, ചില മെയ്‌ക്കപ്പ് പ്രൊഡക്ടുകൾ, കാലപ്പഴക്കം ചെന്ന ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുമ്പോഴും കൈകൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം.
കൈപ്പത്തികളിൽ അനുഭവപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചികിത്സ കൂടാതെ തന്നെ പരിഹരിക്കപ്പെടുന്നതാണ്. കുറച്ചുദിവസങ്ങൾ പിന്നിടുമ്പോൾ പതിയ ഭേദമാകുന്ന പ്രശ്നങ്ങളാണ് പൊതുവെ ഉണ്ടാകുക. മോയ്‌സ്ച്ചുറൈസറുകളും ബോഡി ലോഷനുകളും ഉപയോഗിച്ച് കൈകൾ വരണ്ടുപോകുന്ന അവസ്ഥയും മാറ്റിയെടുക്കാം. എന്നാൽ കൈപ്പത്തിയിലെ തൊലി ഇളകി പോകുന്നതും ചുവന്നു തടിക്കുന്നതുമെല്ലാം ചിലപ്പോൾ ഗുരുതരമായ അലർജി മൂലമാകാനും സാധ്യതയുണ്ട്. അതിനാൽ അത്തരം സാഹചര്യങ്ങളിൽ നിർബന്ധമായും ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഡെർമറ്റോളജിസ്റ്റിനെ സന്ദർശിച്ച് പരിഹാരം തേടുന്നതാണ് ഉചിതം.
Comments